കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വർഷങ്ങളോളം ദുരിതയാതന അനുഭവിച്ച കോഴിക്കോട് സ്വദേശിനി കെ.കെ. ഹർഷിനയുടെ നീണ്ട പോരാട്ടത്തിന് ഒടുവിൽ ആശ്വാസമായി സർക്കാർ ജോലി. നീതിക്കായുള്ള ഹർഷിനയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഭരണകൂടം ഒടുവിൽ തലകുനിച്ചപ്പോൾ, ദുരിതം സമ്മാനിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽത്തന്നെ ഓഫീസ് അസിസ്റ്റന്റായി അവർ ചുമതലയേറ്റു. ആശുപത്രി വികസന സമിതി (എച്ച്ഡിഎസ്) വഴിയാണ് ഹർഷിനയ്ക്ക് സ്ഥിരം നിയമനം ലഭിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക തീരുമാനം. കഴിഞ്ഞ ദിവസം ഹർഷിനയും കുടുംബവും സമരസമിതി നേതാക്കളും മുഖ്യമന്ത്രി വി.ഡി. സതീശൻ, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം സർക്കാർ അതിവേഗം തീരുമാനമെടുക്കുകയായിരുന്നു. തനിക്ക് വർഷങ്ങളോളം വേദനയും കഷ്ടപ്പാടും നൽകിയ അതേ സ്ഥാപനത്തിൽത്തന്നെ ഒരു പുതിയ ജീവിതം തുടങ്ങാൻ അവസരം ലഭിച്ചത് ഹർഷിനക്ക് ഇരട്ടി മധുരമായി.
പുതിയ സർക്കാരിന്റെ നടപടികളിൽ വികാരാധീനയായ ഹർഷിന തന്റെ പ്രതികരണങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചു. "കൂടെയുണ്ടെന്ന് പറയുകയും പിന്നീട് അവഗണിച്ച് പുച്ഛിച്ചു തള്ളുകയും ചെയ്ത മുൻ അധികാരികൾക്കുള്ള ശക്തമായ മറുപടിയാണിത്. മരണം മുന്നിൽ കണ്ട അവസ്ഥയിൽ നിന്നാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചു കയറിയത്. പുതിയ സർക്കാരിനോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. യഥാർത്ഥ മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് വി.ഡി. സതീശൻ തെളിയിച്ചു," ഹർഷിന പറഞ്ഞു.
നാല് വർഷത്തോളം നീതിക്കായി തെരുവുകളിൽ സമരം ചെയ്യേണ്ടി വന്ന സാഹചര്യം അവർ ഓർത്തെടുത്തു. ആരോഗ്യവും പഠനവുമെല്ലാം നഷ്ടമായി. നല്ല രീതിയിൽ മുന്നോട്ട് പോകുമായിരുന്ന ബി.എസ്.സി ഫിസിക്സ് ബിരുദ പഠനം പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും അവർ കൂട്ടിച്ചേർത്തു. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന കാലം മുതൽ ഈ വിഷയത്തിൽ ഉറച്ച പിന്തുണ നൽകിയിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തെ കണ്ടപ്പോൾ "ഇനി ഒരു തീരുമാനം ഉണ്ടാകില്ലേ?" എന്ന് താൻ ചോദിച്ചപ്പോൾ, "ഇനി എന്ത് തീരുമാനിക്കാൻ, അതെല്ലാം ഞാൻ തീരുമാനിച്ചു കഴിഞ്ഞതല്ലേ, ഞാനല്ലേ ഇത് ഏറ്റെടുത്തത്?" എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത് താൻ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നുവെന്നും, കൂടെയുണ്ടെന്ന ഉറപ്പ് മുഖ്യമന്ത്രി പാലിച്ചുവെന്നും ഹർഷിനയുടെ വാക്കുകളിൽ നിറഞ്ഞുനിന്നു. ഒരു ആരോഗ്യമന്ത്രി ഒപ്പമുണ്ടെന്ന് ആദ്യമായി തോന്നിയത് ഇപ്പോഴാണെന്നും, അങ്ങോട്ട് ചോദിക്കാതെയാണ് അവർ തനിക്ക് ജോലി നൽകിയതെന്നും തുടർചികിത്സ ഉറപ്പുനൽകിയതെന്നും ഹർഷിന കൂട്ടിച്ചേർത്തു.
കേസിന്റെ പശ്ചാത്തലം ഇങ്ങനെയാണ്: 2017 നവംബർ 30-നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങുന്നത്. അഞ്ച് വർഷത്തോളം നീണ്ട അസ്വസ്ഥതകൾക്കും കടുത്ത വേദനകൾക്കുമൊടുവിൽ 2022 സെപ്റ്റംബർ 17-ന് നടത്തിയ മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് ഇത് പുറത്തെടുത്തത്. തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ വീഴ്ച മെഡിക്കൽ കോളജിന്റേത് തന്നെയെന്ന് കണ്ടെത്തുകയും ചെയ്തു. രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും ഉൾപ്പെടെ നാല് പേരെ പ്രതികളാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും, 2024 ജൂലൈയിൽ കുന്നമംഗലം കോടതിയിൽ വിചാരണ തുടങ്ങാൻ രണ്ട് ദിവസം ബാക്കിനിൽക്കെ ഹൈക്കോടതി ഈ കേസ് സ്റ്റേ ചെയ്യുകയായിരുന്നു. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ളവർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിനെ തുടർന്ന് തിരഞ്ഞെടുപ്പ് വേളയിൽ ഹർഷിന ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒൻപത് വർഷത്തെ നീണ്ട കാത്തിരിപ്പിനും നിരന്തരമായ സമരങ്ങൾക്കും ശേഷമാണ് ഹർഷിനക്ക് ഇപ്പോൾ പുതിയ സർക്കാർ ഈ ആശ്വാസം നൽകിയിരിക്കുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾത്തന്നെ, തന്നെ ഈ ദുരിതത്തിലേക്ക് തള്ളിവിട്ട കുറ്റക്കാർക്കെതിരെയുള്ള നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ഹർഷിന വ്യക്തമാക്കി. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ഒരു സഹോദരിയെപ്പോലെ കണ്ട് പിന്തുണച്ച സമരസമിതിക്കും മാധ്യമങ്ങൾക്കും അവർ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഈ നിയമനത്തിലൂടെ ഹർഷിനയുടെ നീതിക്കായുള്ള പോരാട്ടത്തിന് ഒരു പുതിയ അധ്യായം കുറിക്കുകയാണ്.